Basque: New Testament

Malayalam

Psalms

138

1ദാവീദിന്റെ ഒരു സങ്കീര്‍ത്തനം. ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാന്‍ നിന്നെ കീര്‍ത്തിക്കും.
2ഞാന്‍ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
3ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളില്‍ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
4യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിന്‍ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
5അതേ, അവര്‍ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.
6യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോ അവന്‍ ദൂരത്തുനിന്നു അറിയുന്നു.
7ഞാന്‍ കഷ്ടതയുടെ നടുവില്‍ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
8യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.