Malayalam

Swahili: New Testament

Jonah

3

1യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം യോനെക്കു ഉണ്ടായതു എന്തെന്നാല്‍
2നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാന്‍ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.
3അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാല്‍ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായോരു നഗരമായിരുന്നു.
4യോനാ നഗരത്തില്‍ കടന്നു ആദ്യം ഒരു ദിവസത്തെ വഴിചെന്നുഇനി നാല്പതു ദിവസം കഴിഞ്ഞാല്‍ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു.
5എന്നാല്‍ നീനെവേക്കാര്‍ ദൈവത്തില്‍ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.
6വര്‍ത്തമാനം നീനെവേരാജാവിന്റെ അടുക്കല്‍ എത്തിയാറെ അവന്‍ സിംഹാസനത്തില്‍നിന്നു എഴുന്നേറ്റു രാജവസ്ത്രം നീക്കിവെച്ചു രട്ടു പുതെച്ചു വെണ്ണീറില്‍ ഇരുന്നു.
7അവന്‍ നീനെവേയില്‍ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയതു എന്തെന്നാല്‍രാജാവിന്റെയും അവന്റെ മഹത്തുക്കളുടെയും ആജ്ഞയാവിതുമനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുതു; മേയ്കയും വെള്ളം കുടിക്കയും അരുതു.
8മനുഷ്യനും മൃഗവും രട്ടു പുതെച്ചു ഉച്ചത്തില്‍ ദൈവത്തോടു വിളിച്ചു അപേക്ഷിക്കേണം; ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം.
9ദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന്നു അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആര്‍ക്കറിയാം.
10അവര്‍ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാല്‍ കണ്ടപ്പോള്‍ താന്‍ അവര്‍ക്കും വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനര്‍ത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.