Malayalam

Psalms

73

1ദൈവം യിസ്രായേലിന്നു, നിര്‍മ്മലഹൃദയമുള്ളവര്‍ക്കും തന്നേ, നല്ലവന്‍ ആകുന്നു നിശ്ചയം.2എന്നാല്‍ എന്റെ കാലുകള്‍ ഏകദേശം ഇടറി; എന്റെ കാലടികള്‍ ഏറക്കുറെ വഴുതിപ്പോയി.3ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.4അവര്‍ക്കും വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.5അവര്‍ മര്‍ത്യരെപ്പോലെ കഷ്ടത്തില്‍ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.6ആകയാല്‍ ഡംഭം അവര്‍ക്കും മാലയായിരിക്കുന്നു; ബലാല്‍ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.7അവരുടെ കണ്ണുകള്‍ പുഷ്ടികൊണ്ടു ഉന്തിനിലക്കുന്നു. അവരുടെ ഹൃദയത്തിലെ നിരൂപണങ്ങള്‍ കവിഞ്ഞൊഴുകുന്നു.8അവര്‍ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.9അവര്‍ വായ് ആകാശത്തോളം ഉയര്‍ത്തുന്നു; അവരുടെ നാവു ഭൂമിയില്‍ സഞ്ചരിക്കുന്നു.10അതുകൊണ്ടു അവര്‍ തന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവര്‍ ധാരാളം വെള്ളം വലിച്ചു കുടിക്കുന്നു.11ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവര്‍ പറയുന്നു.12ഇങ്ങനെ ആകുന്നു ദുഷ്ടന്മാര്‍; അവര്‍ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വര്‍ദ്ധിപ്പിക്കുന്നു.13എന്നാല്‍ ഞാന്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയില്‍ കഴുകിയതും വ്യര്‍ത്ഥമത്രേ.14ഞാന്‍ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.15ഞാന്‍ ഇങ്ങനെ സംസാരിപ്പാന്‍ വിചാരിച്ചെങ്കില്‍ ഇതാ, ഞാന്‍ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.16ഞാന്‍ ഇതു ഗ്രഹിപ്പാന്‍ നിരൂപിച്ചപ്പോള്‍ എനിക്കു പ്രയാസമായി തോന്നി;17ഒടുവില്‍ ഞാന്‍ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തില്‍ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.18നിശ്ചയമായി നീ അവരെ വഴുവഴുപ്പില്‍ നിര്‍ത്തുന്നു; നീ അവരെ നാശത്തില്‍ തള്ളിയിടുന്നു.19എത്ര ക്ഷണത്തില്‍ അവര്‍ ശൂന്യമായ്പോയി! അവര്‍ മെരുള്‍ചകളാല്‍ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.20ഉണരുമ്പോള്‍ ഒരു സ്വപ്നത്തെപ്പോലെ കര്‍ത്താവേ, നീ ഉണരുമ്പോള്‍ അവരുടെ രൂപത്തെ തുച്ഛീകരിക്കും.21ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തില്‍ കുത്തുകൊള്ളുകയും ചെയ്തപ്പോള്‍22ഞാന്‍ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പില്‍ മൃഗംപോലെ ആയിരുന്നു.23എന്നിട്ടും ഞാന്‍ എപ്പോഴും നിന്റെ അടുക്കല്‍ ഇരിക്കുന്നു; നീ എന്നെ വലങ്കൈകൂ പിടിച്ചിരിക്കുന്നു.24നിന്റെ ആലോചനയാല്‍ നീ എന്നെ നടത്തും; പിന്നെത്തേതില്‍ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.25സ്വര്‍ഗ്ഗത്തില്‍ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല.26എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഔഹരിയും ആകുന്നു.27ഇതാ, നിന്നോടു അകന്നിരിക്കുന്നവര്‍ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.28എന്നാല്‍ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വര്‍ണ്ണിക്കേണ്ടതിന്നു ഞാന്‍ യഹോവയായ കര്‍ത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു. ആസാഫിന്റെ ധ്യാനം.